"ഏതു ക്യാമറ ആണ് നിങ്ങൾ ഉപയോഗിക്കുന്നത് ?"
Binosh Mullackal
ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ കിട്ടുന്ന അനവധി പേർസണൽ മെസ്സേജുകളിൽ കൂടുതൽ ആളുകളും ചോദിക്കുന്ന (കൂടാതെ നേരിട്ടും ചോദിക്കുന്ന) ചോദ്യം ആണ് "ഏതു ക്യാമറ ആണ് ഉപയോഗിക്കുന്നത്", ഇന്ന് എല്ലാ ഫോട്ടോഗ്രാഫേഴ്‌സും അഭിമുഖീകരിക്കുന്ന ഒരു ചോദ്യം തന്നെയാണത്, ചോദ്യകർത്താവ് ആ ചോദ്യത്തിലൂടെ ആ ഫോട്ടോയുടെ ക്രെഡിറ്റ് ഫോട്ടോഗ്രാഫർക്ക് നൽകാതെ ക്യാമറക്കു മാത്രം നൽകുന്നു. ഒരു നല്ല ക്യാമറ കൈയിൽ ഉണ്ടായാൽ നല്ല ഫോട്ടോയുണ്ടാകണമെന്നില്ല. എഴുത്തുകാരന്റെ മാധ്യമം പേന എന്നപോലെ ഒരു ഫോട്ടോഗ്രാഫറുടെ ഭാവനയിലുള്ള വിഷ്വൽസ് ഒപ്പിയെടുക്കുന്ന മാധ്യമം മാത്രം ആണ് ക്യാമറ.
ഒരു നല്ല ഫോട്ടോയുടെ പിന്നിലുള്ള നിരവധി ഘടകങ്ങളിൽ ഒന്ന് മാത്രമാണ് ക്യാമറ, ഒരു സ്ഥലത്തു ഫോട്ടോഗ്രാഫർ കണ്ടെത്തുന്ന ഫ്രെയിം ആണ് ഇതിൽ മുഖ്യം, പിന്നെ ഫോട്ടോ എടുക്കാൻ ഉദ്ദേശിക്കുന്ന സമയം, വിഷ്വൽസ് ഭാവനയിൽ കണ്ടുകൊണ്ടു അതിനനുസൃതമായി ക്യാമറക്കു കൊടുക്കുന്ന നിർദേശങ്ങൾ, long exposure ആണെങ്കിൽ ഉപയോഗിക്കുന്ന ട്രൈപോഡ്, exposure കണ്ട്രോൾ ചെയ്യാൻ അല്ലെങ്കിൽ ലൈറ്റ് ഇന്റൻസിറ്റി കുറക്കാൻ ഉപയോഗിക്കുന്ന ഫിൽട്ടർ, ലോങ്ങ് exposure ടൈം കണ്ട്രോൾ (ഷട്ടർ സ്പീഡ്) ചെയ്യാൻ ഉപയോഗിക്കുന്ന റിമോട്ട്, ഇനി ഇൻഡോർ ഷൂട്ട് ആണെങ്കിൽ ഉപയോഗിക്കുന്ന ഫ്ലാഷ്, സ്ട്രോബ് ലൈറ്റ്‌സ്, ഷെയ്ഡ്സ്.
അതിനു ശേഷം ഒരു ഫോട്ടോ എടുത്തു കഴിഞ്ഞാൽ അടുത്തത് പോസ്റ്റ് പ്രോസസ്സിംഗ് ആണ്, RAW ഇമേജിൽ എടുക്കുന്ന ഫോട്ടോക്ക് ഭാവനയിൽ കണ്ട വിഷ്വൽസിനു അത്യാവശ്യമായ എഡിറ്റിംഗ് Photoshop, Lightroom മുതലായ സോഫ്ട്‌വേറിന്റെ സഹായത്താൽ നൽകികഴിയുമ്പോൾ ആണ് ആ ഫോട്ടോ പൂർണതയിൽ എത്തുക. ഇത്രയും കാര്യങ്ങൾ ആണ് ഒരു നല്ല ഫോട്ടോയുടെ പിന്നിൽ നടക്കുന്ന കാര്യങ്ങൾ, അപ്പോൾ ഒരു ഫോട്ടോയുടെ ക്രെഡിറ്റ് മുഴുവൻ ക്യാമറക്കു മാത്രം നൽകരുത്.
ഉദാഹരണത്തിന് മുകളിൽ നൽകിയിരിക്കുന്ന ബുർജ് ഖലീഫയുടെ ദൂരെ നിന്നും എടുത്തിട്ടുള്ള ബ്ലാക് ആൻഡ് വൈറ്റ് ചിത്രം, ഒരുപാടു ആളുകൾ നല്ല അഭിപ്രായം പറഞ്ഞ ഒരു ഫോട്ടോ ആണ് അത് യഥാർത്ഥത്തിൽ അതൊരു മൊബൈൽ ക്ലിക്ക് ആണ്, അപ്പോ ഞാൻ മുൻപ് പറഞ്ഞപോലെ ക്യാമറ അല്ല ഒരു സ്ഥലത്തു നമ്മൾ കണ്ടെത്തുന്ന ഫ്രെയിം ആണ് ഇതിൽ മുഖ്യം.
ഇന്ന് എല്ലാ യാന്ത്രിക മേഖലയിലും ന്യൂതന സാങ്കേതികവിദ്യയുടെ കടന്നുവരവും അത് തെഴിൽ ആയാസങ്ങൾ കുറക്കുകയും ചെയ്തിട്ടുണ്ടെന്നുള്ള കാര്യവും സത്യമാണ്. അത് ഫോട്ടോഗ്രാഫി മേഖലയിലും സംഭവിച്ചു എന്നതാണ് യാഥാർഥ്യം. ഇന്ന് ഫോട്ടോഗ്രാഫിക്ക് മുൻതൂക്കം നൽകുന്ന മൊബൈലുകൾ ധാരാളം ലഭ്യമാണ്, അവയിൽ പലതും ഒരു പരിധിവരെ പ്രൊഫഷണൽ ക്വാളിറ്റി ഫോട്ടോസ് നൽകുന്നുമുണ്ട്.
എനിക്ക് എപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ് ഒരു ഫോട്ടോഗ്രാഫർ എന്ന് ശരിക്കും വിളിക്കാൻ സാധിക്കുന്നത് പഴയകാല ഫിലിം റോൾ ഇട്ടു ഫോട്ടോ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫേഴ്സിനെയാണു. കാരണം താൻ എടുത്ത ഫോട്ടോയുടെ ഫോക്കസ് ശരിയാണോ, exposure കറക്റ്റ് ആണോ മുതലായ കാര്യങ്ങൾ ഫോട്ടോ വാഷ് ചെയ്തു കിട്ടി കഴിയുമ്പോൾ മാത്രമാണ് മനസിലാവുന്നത്, അപ്പോ ഒരു ലൈവ് വ്യൂ ഇല്ലാതെ അക്കാലത്തു അത്ര പെർഫെക്റ്റ് ആയി ഫോട്ടോ എടുത്തിരുന്ന അവർതന്നെയാണ് യഥാർത്ഥ ഫോട്ടോഗ്രാഫേഴ്സ്. ഇന്ന് ഞാനുൾപ്പെടെ എല്ലാവരും ഡിജിറ്റൽ യുഗത്തിൽ വളരെ ആയാസരഹിതമായാണ് ഫോട്ടോ എടുക്കുന്നത്, ഇന്ന് ഫോട്ടോയുടെ റിസൾട്ട് അപ്പോൾ തന്നെ ലൈവ് വ്യൂവിൽ കാണാൻ സാധിക്കുകയും ഉദ്ദേശിച്ച റിസൾട്ട് കിട്ടിയില്ലയെങ്കിൽ അപ്പോൾ തന്നെ കറക്റ്റ് ചെയ്തു വീണ്ടും എടുക്കാൻ സാധിക്കും.
ചുരുക്കം ചിലരുടെ ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ മാറ്റുവാൻ വേണ്ടിയാണു ഈ ചെറിയ വിശദീകരണം., ഒരു നല്ല ക്യാമറ ഉണ്ടെങ്കിൽ ഏതൊരാൾക്കും നല്ല ഫോട്ടോ എടുക്കാം എന്നുള്ള തെറ്റിദ്ധാരണ മാറ്റുക എന്നതാണ്, മുൻപ് പറഞ്ഞതുപോലെ ഒരു നല്ല ഫോട്ടോയുടെ പിന്നിലുള്ള നിരവധി ഘടകങ്ങളിൽ ഒന്ന് മാത്രമാണ് ക്യാമറ, ഒരു ഫോട്ടോഗ്രാഫർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ചു മാത്രമാണ് ക്യാമറ പ്രവർത്തിക്കുന്നത്, അതായതു ഫോട്ടോഗ്രഫിയിലെ പ്രധാന ഘടകം എന്നത് ഒരു ഫോട്ടോഗ്രാഫറുടെ ഭാവനയാണ്.
ബിനോഷ് മുല്ലക്കൽ
Comments
Post a Comment