ക്ഷേത്രങ്ങളുടെ
നഗരം
(അങ്കൊർ വാട്ട്)
യാത്രാ വിവരണം/ ചിത്രങ്ങൾ : ബിനോഷ് മുല്ലക്കൽ
വർഷങ്ങൾക്കു മുൻപ് ഏതോ ഒരു മാഗസിനിൽ കമ്പോടിയായിൽ ഉള്ള അങ്കൊർ വാട്ട് (Angkor Wat) ക്ഷേത്രങ്ങളെ പറ്റിയുള്ള ലേഖനം കണ്ടപ്പോൾ മുതൽ തുടങ്ങിയ ആഗ്രഹമാണ് ക്ഷേത്രങ്ങളുടെ നഗരം എന്ന് അർത്ഥമുള്ള അങ്കൊർ വാട്ട് കാണുകയെന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ഖമർ രാജാവായ സുര്യവർമൻ രണ്ടാമൻ തുടങ്ങിവച്ച ക്ഷേത്ര നിർമാണം ആ നൂറ്റാണ്ടിന്റെ അവസാനം അന്നത്തെ രാജാവായ ജയവർമൻ ഏഴാമൻ ആണ് പൂർത്തികരിച്ചത്. ഖമർ രാജവംശത്തിന്റെ അഭിമാനമായിരുന്ന ഈ ക്ഷേത്രങ്ങൾ പിന്നിട് കംബോഡിയ എന്ന രാജ്യത്തിൻറെ ദേശിയ ചിഹ്നമായി.
തയിലാണ്ടിന്റെ തലസ്ഥാനമായ ബാങ്കൊകിൽ നിന്നും ഉച്ചക്ക് അങ്കൊർ എയറിൽ യാത്ര തിരിക്കുമ്പോൾ മനസ്സിൽ മുൻപ് വായിച്ചിട്ടുള്ള അറിവുകൾ മാത്രമായിരുന്നു അങ്കൊർ ക്ഷേത്രങ്ങളെ പറ്റി. 45 മിനിറ്റ് കൊണ്ട് വിമാനം സിയാം റീപ് എയർപോർട്ടിൽ എത്തി. അധികം തിരക്കില്ലാത്ത ഒരു ചെറിയ എയർപോർട്ട്, ടൂറിസം പ്രഥമ വരുമാനമായതിനാൽ ഒരുവിധപെട്ട എല്ലാ രാജ്യക്കാർക്കും കംബോഡിയ വിസ എയർപോർട്ടിൽ നിന്നും ലഭിക്കും.
യാത്ര തിരിക്കുന്നതിനു മുൻപ് താമസിക്കാനുള്ള ഹോട്ടൽ ബുക്ക് ചെയ്തതിനാൽ ഹോട്ടലിൽ നിന്നും എന്നെ കൂട്ടികൊണ്ട് പോകാൻ ഡ്രൈവർ വന്നിരുന്നു . അയാൾ കൊണ്ടുവന്ന വാഹനം കണ്ടു ഞാൻ അതിശയിച്ചു, നമ്മുടെ നാട്ടിലുള്ള M-80 പോലുള്ള ഒരു സ്കൂട്ടറിന്റെ പുറകിൽ രണ്ടു പേർക്ക് ഇരിക്കാവുന്ന വിധത്തിൽ സീറ്റ് ഘടിപ്പിച്ച ഒരു റിക്ഷാ. എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രയിൽ ചിലപ്പോൾ നമ്മുടെ കുട്ടനാട്ടിലെ റോഡകളിലുടെ സഞ്ചരിക്കുമ്പോൾ അനുഭവിക്കുന്ന ഒരുതരം ചേറിന്റെ മണം എങ്ങും നിറഞ്ഞുനിന്നിരുന്നു. 20 മിനിട്ട് കൊണ്ട് ഞങ്ങൾ ഹോട്ടലിൽ എത്തി.
ചെക്ക് ഇൻ ചെയ്ത് അരമണിക്കുറുകൊണ്ട് റെഡിയായി എന്നെ എയർപോർട്ടിൽ നിന്നും കൊണ്ട് വന്ന റിക്ഷാക്കാരനെയും കൂട്ടി ക്ഷേത്രങ്ങൾ കാണുവാൻ പുറപെട്ടു ഏകദേശം 7 കിലോമീറ്റർ ദൂരം ഉണ്ട് സിയാം റീപ് സിറ്റിയിൽ നിന്നും ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്. പോകുന്ന വഴിയിൽ ക്ഷേത്രങ്ങൾ സഥിതി ചെയുന്ന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനായി ടിക്കറ്റ് എടുക്കാൻ വേണ്ടി ഡ്രൈവർ ഒരു സ്ഥലത്ത് വണ്ടി നിർത്തി, സാമാന്യം നല്ല തിരക്കുണ്ടവിടെ. നമ്മളുടെ ആവിശാനുസരണം എത്ര ദിവസത്തേക്ക് വേണെമെങ്കിലും ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് എടുത്തു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
![]() |
| Ticket Counter |
ആദ്യ ദിവസം ഫ്നോം ബഖെങ്ങ് (Phnom Bakheng) എന്ന ക്ഷേത്രം കാണാൻ തിരുമാനിച്ചു, ഫ്നോം ബഖെങ്ങ് ഒരു മലയുടെ മുകളിൽ ആണ് സ്ഥിതി ചെയ്യുന്നത്. മുകളിലേക്ക് ഒഫീഷ്യൽ വാഹനങ്ങൾ മാത്രമേ കടത്തി വിടു അതുകൊണ്ട് സന്ദർശകർ നടന്നു വേണം മലകയറുവാൻ.
ഇരുവശത്തും തിങ്ങിനിറഞ്ഞ കാടുകൾ , പോകുന്ന വഴിയിൽ പലസ്ഥലത്തും തകർന്ന കല്പടവുകൾ കാണാം. മുകളിൽ ചെല്ലുമ്പോൾ നമ്മളെ കാത്തിരിക്കുന്നത് നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന ഒരു തകർന്ന ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ കൽപടവുകൾ കാലപഴക്കം മൂലം നശിക്കപെട്ടതിനാൽ സന്ദർശകർക്ക് തടികൊണ്ട് താൽക്കാലിക പടികൾ നിർമ്മിച്ചിട്ടുണ്ട്.
അസ്തമയം കാണാൻ ആണ് കൂടുതലും സന്ദർശകർ ഇവിടെ വരുന്നത്. ഞാൻ ചെന്നത് അസ്തമയ സമയമായതിനാൽ വളരെ തിരക്ക് നിറഞ്ഞ ഒരു അന്തരീഷം ആയിരുന്നു അവിടെ. ക്ഷേത്രത്തിൻറെ മുകൾതട്ടിൽ പലയിടങ്ങളിലും തകർന്നു കിടക്കുന്ന ശിവലിംഗങ്ങളും, ദേവി ദേവന്മാരുടെ ശിലകളും കൽതൂണുകളും ധാരാളം കാണാം. അസ്തമയം കാണുവാൻ ക്ഷമയോടു കാത്തിരുന്ന ആളുകളെ വിസ്മ്രിതിയിലാക്കി പ്രദേശമാകെ സിന്ധുരശോഭ പരത്തികൊണ്ട് സൂര്യൻ മെല്ലെ അസ്തമിച്ചു. തിരിച്ച് റൂമിൽ വന്നപ്പോൾ മലകയറിയ ക്ഷീണം മൂലമാവാം പെട്ടെന്ന് ഉറങ്ങി.
![]() |
| Phnom Bakheng |
അങ്കൊർ വാട്ട് ക്ഷേത്രത്തിൽ നിന്ന് സൂര്യോദയം കാണുകയെന്നത് ഒരു വലിയ പ്രേത്യേകതയായതിനാൽ അടുത്ത ദിവസം അതിരാവിലെ 4.30 മണിക്ക് റെഡിയായി താഴെ റിസെപ്ഷനിൽ എത്തിയപ്പോൾ തലേ ദിവസം പറഞ്ഞ പ്രകാരം എന്റെ പ്രാതൽ തയ്യാറാക്കി പായ്ക്ക് ചെയ്ത് വച്ചിരുന്നു, അതുപോലെ തലേദിവസം എന്നെ കൊണ്ടുപോയ ഡ്രൈവറും ഹോട്ടലിന്റെ വെളിയിൽ എന്നെ കാത്തു നിൽക്കുകയായിരുന്നു. തലേദിവസം യാത്ര ചെയ്ത അതെ റോഡിലൂടെ ഞങ്ങൾ യാത്ര തുടങ്ങി. റോഡിലെങ്ങും റിക്ഷക്കാരുടെ തിരക്കാണ് എല്ലാവരുടെയും ലക്ഷ്യം അങ്കൊർ വാട്ട് ക്ഷേത്രത്തിന്റെ മുന്പിലുള്ള വലിയ കുളക്കരയിൽ നിന്നും സൂര്യോദയം കാണുകയെന്നതാണ്.
ഏതാണ്ട് 5 മണിയോടുകൂടി ഞങ്ങൾ ക്ഷേത്രത്തിൻറെ പ്രവേശന കവാടത്തിൽ എത്തി എങ്ങും കൂരിരുട്ടും, ആളുകളുടെ തിരക്കും. എന്നെ അതിശയിപ്പിച്ചത് എന്തെന്നാൽ ലോകവിനോദ സഞ്ചാര ശ്രദ്ധ ആകർഷിച്ച ഈ സ്ഥലത്ത് വളരെ പരിമിധമായ ഇലക്ട്രിക് ലൈറ്റ് മാത്രമേ ഉള്ളു. ക്ഷേത്രത്തിലേക്ക് നടന്നു പോകുന്ന വഴി വലിയ കല്ലുകൾ പാകിയതായതിനാൽ വെളിച്ചമില്ലാതെ നടന്നു പോകുന്നത് വലിയ ദുഷ്കരം തന്നെയാണ്. പക്ഷെ 2 ഡോളർ കൊടുത്താൽ നമ്മുക്ക് ഒരു പെൻ ടോർച് അവിടെ വാങ്ങിക്കാൻ കിട്ടും, സാധാരണ യാത്ര പോകുമ്പോൾ ഒരു ടോർച് ഞാൻ എപ്പോഴും കരുതാറുണ്ട് അതുമായി ഞാൻ ക്ഷേത്രം ലഷ്യമാക്കി നടന്നു. ഇരുട്ടത്ത് നടന്നിരുന്ന ഒരു ബ്രസീലിയൻ ഫാമിലിയും എന്നോടൊപ്പം കൂടി. 10 മിനിറ്റു കൊണ്ട് ഞങ്ങൾ വലിയ കുളക്കരയിൽ എത്തി, ഒരു പൂരത്തിനുള്ള ജനങ്ങൾ അപ്പോൾ അവിടെയുണ്ടായിരുന്നു. എല്ലാവരും അവരവരുടെ ക്യാമറ റെഡിയാക്കി സൂര്യോധയത്തിനായി കാത്തു നിൽക്കുന്നു.
![]() |
| Angkor Wat |
അങ്ങനെ കാത്തു നിൽപ്പിനൊടുവിൽ ആ നിമിഷം വന്നെത്തി, കണ്ടുനിക്കുന്നവർക്ക് ഒരു പുത്തൻ അനുഭവം നൽകികൊണ്ട് സ്വർണ രശ്മികൾ ക്ഷേത്ര ഗോപുരങ്ങളിൽ ചാലിച്ചുകൊണ്ട് സൂര്യൻ ഉദിച്ചു വരുന്നു. ആ അസുലഭ നിമിഷം ക്യാമറയിൽ പകർത്താൻ ആളുകൾ തിടുക്കം കൂട്ടി, ഒരു സെലെബ്രടിയെ സ്വാഗതം ചെയ്യുംപോലെ എങ്ങും ക്യാമറ ഫ്ലാഷുകൾ മിന്നിതെളിയുന്നു. ഒപ്പം ഞാനും ഒന്ന് രണ്ടു ചിത്രങ്ങൾ എടുത്തു.
നാലുവശവും കൃത്രിമമായി നിർമ്മിച്ച് വെള്ളം നിറച്ച നല്ല വീതിയുള്ള കിടങ്ങിനു നടുവിലാണ് അങ്കൊർ വാട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗൂഗിൾ മാപ്പിൽ നോക്കിയാൽ മനസിലാകും എത്രമാത്ര വിസ്തീര്‍ണ്ണം ഉണ്ട് ആ കിടങ്ങുകൾക്കെന്നു. അവിടെ നിന്നും ഞാൻ നേരെ ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് പോയി. ശെരിക്കും അവിടെയൊരു അത്ഭുദം തന്നെയാണ് കണ്ടത് "A Magical World of an Architecture". അവിടെ നിന്നപ്പോൾ മനസ് സ്വപ്നത്തിലെന്നപോലെ നൂറ്റാണ്ടുകൾ പുറകിലേക്ക് പോയി അന്നത്തെ കാലത്തെ ക്ഷേത്രാചാരങ്ങളും ആളുകൾ ക്ഷേത്ര ദർശനത്തിനു വരുന്നതും മറ്റും എൻറെ ഭാവനയിൽ കണ്ടുകൊണ്ടെയിരുന്നു.
![]() |
| Angkor Wat |
വലിയ കല്ലുകൾ അടുക്കി അതിൽ അതിമനോഹരമായി കൊത്തുപണികൾ ചെയ്തു നിർമ്മിച്ചിട്ടുള്ളതാണ് ഈ ക്ഷേത്രം. ഇന്നും ഈ കല്ലുകൾ തമ്മിൽ എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നുവെന്നു ആര്ക്കും വ്യക്തമായ് അറിയില്ല. ക്ഷേത്രഭിത്തിയിൽ രാമായണവും, മഹാഭാരതവും , മറ്റു ഹിന്ദു പുരാണങ്ങളും വളരെ വ്യക്തമായ് കൊത്തിവച്ചിട്ടുണ്ട്.
ഉള്ളിലേക്ക് പോകുംതോറും പല ദിക്കുകളിലേക്ക് തിരിയുന്ന ഇടനാഴികകളും മറ്റും ധാരാളം കാണാം. ഇടനാഴികകളിലൂടെ നടക്കുമ്പോൾ അവിടുത്തെ നിശബ്ധധയും, ഇരുട്ടും വല്ലാതെ ഭയപ്പെടുത്തിയിരുന്നു. സുരക്ഷയുടെ ഭാഗമാവാം ക്ഷേത്രത്തിന്റെ ഉള്ളിലെ പല ഭാഗങ്ങളും സന്ദർശകർക്കു പ്രവേശനാനുമതി നിഷേധിച്ചിട്ടുണ്ട്. അങ്കൊർ വാട്ട് ഒരു പുരാധന ഹിന്ദു ക്ഷേത്രമാണെങ്കിലും ഇപ്പോൾ കംബോഡിയ ഒരു ബുദ്ധമത രാജ്യമായതിനാൽ ക്ഷേത്രാചാരങ്ങൾ ഒന്നുംതന്നെ നടക്കുന്നില്ലയെന്നു പറയാം.
ഇടക്ക് ഇടനാഴികൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മുറിയിൽ രണ്ടാൾ പൊക്കം ഉള്ള ഭഗവാൻ വിഷ്ണുവിന്റെ ഒരു വിഗ്രഹം കാണുകയുണ്ടായി അതിന്റെ തൊട്ടടുത്ത് ഒരു സ്വദേശി ഒരു വിളക്കും സാമ്പ്രാണി തിരിയും കത്തിച്ചു വച്ചിട്ടുണ്ട് ഒപ്പം അയാളുടെ കയ്യിൽ ഭസ്മം നിറച്ച ഒരു തട്ടവും, അതിൽ നിറയെ സന്ദർശകർ നല്കിയ കറൻസികൾ ധാരാളം ഉണ്ട്. എന്നെ കണ്ടതും അയാൾ ഒരു കത്തിച്ച സാമ്പ്രാണി തിരി കയ്യിൽ തന്നിട്ട് പറഞ്ഞു പ്രാർത്ഥിച്ചിട്ട് ആ തിരി വിഗ്രഹത്തിന്റെ കാല്ച്ചുവട്ടിലെ പീഠത്തിൽ വയ്ക്കാൻ, അപ്രകാരം ചെയ്ത ശേഷം അയാൾ ഭസ്മം എടുത്തു എന്റെ നെറ്റിയിൽ തൊട്ടു, അതിനു ശേഷം അയാളുടെ നോട്ടത്തിൽ നിന്നും എനിക്ക് മനസിലായി അയാൾ എന്നിൽ നിന്നും എന്തെങ്കിലും ദക്ഷിണ പ്രതിഷിക്കുന്നുവെന്ന്, ഇത് അയാളുടെ ഉപജീവന മാര്ഗം കൂടിയാണ്, എന്തായാലും ആ പുണ്യ പ്രവർത്തിക്ക് ഒരു 2000 കംബോഡിയ റിയൽ കൊടുത്തു (ഞെട്ടണ്ട 2000 കംബോഡിയ റിയൽ എന്നാൽ ഏകദേശം നമ്മുടെ 30 രുപാ).
തിരിച്ചു വെളിയിൽ വന്നപ്പോൾ എന്നെയും കാത്തു ഡ്രൈവർ നിൽപുണ്ടായിരുന്നു. വണ്ടിയിൽ ഇരുന്നു കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. അവിടെ നിന്നും ഞങ്ങൾ അങ്കൊർ തോമിലേക്ക് യാത്ര തിരിച്ചു, ഏകദേശം 4 കി.മി. ദൂരം കാണും അവിടേക്ക്. സന്ദർശകർക്കായി അങ്കൊർ തോം ചുറ്റികറങ്ങികാണുവാൻ ആന സവാരിയും ലഭ്യമാണിവിടെ.
അങ്കൊർ തോം ഖമർ രാജവംശത്തിന്റെ തലസ്ഥാന നഗരി ആയിരുന്നു, നാലുവശവും വെള്ളത്താൽ ചുറ്റപെട്ട സ്ഥലം. തകർന്ന കുറെ ക്ഷേത്രങ്ങളും, കവാടങ്ങളും അല്ലാതെ മറ്റൊന്നും അവിടെ ഒരു തലസ്ഥാന നഗരത്തെ ഓർമിപ്പിക്കത്തക്ക വിധത്തിൽ അവശേഷിക്കുന്നില്ല. ഇവിടെയുള്ള മിക്ക ക്ഷേത്രങ്ങളുടെയും ഗോപുരങ്ങൾ വലിയ മനുഷ്യ മുഖാകൃതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്.
കൂടാതെ മിക്ക ക്ഷേത്രങ്ങളുടെയും മുകളിൽ ഭീമാകാരമയ ആൽ മരങ്ങൾ വളർന്ന് അതിൻറെ വലിയ വേരുകൾ ക്ഷേത്ര ഭിത്തിയിലൂടെ പടർന്ന് താഴേക്ക് ഇറങ്ങിയിരിക്കുന്നു, ഒന്നു ചിന്തിച്ചാൽ എത്രയോ ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായി നിർമ്മിച്ച ഈ ക്ഷേത്രങ്ങളുടെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നും.
അങ്കൊർ തോമിൽ ആണ് മറ്റു പ്രധാന ക്ഷേത്രങ്ങൾ ആയ - പ്രസാദ് ബയോണ്‍ (prasat bayon), ബാഫുഒൻ (Baphuon), ടാ കെഒ (Ta Keo), ടാ പ്രോഹം (Ta Prohm) സ്ഥിതിചെയ്യുന്നത്.
ഇത്രയും ക്ഷേത്രങ്ങൾ കണ്ടു കഴിഞ്ഞപ്പോഴേക്കും ഞാൻ വല്ലാതെ തളർന്നിരുന്നു. തിരിച്ച് 5 മണിയോടുകൂടി ഹോട്ടലിൽ വന്നു. കുളി കഴിഞ്ഞ് ഒരു ചെറിയ ഷോപ്പിംഗ്നായി പുറത്തു പോയി താമസിക്കുന്ന ഹോട്ടലിന്റെ അടുത്ത് തന്നെയായിരുന്നു സിയാം റീപ് മാർക്കറ്റ്.
![]() |
| Siem Reap Market |
കംബോഡിയൻ കലാ സംസ്കാരത്തിന്റെ മഹിമ നിറഞ്ഞു നിൽക്കുന്ന കരകൌശല വസ്തുക്കളുടെ ഒരു വലിയ ശേകരം തന്നെ മിക്ക കടകളിലും കാണാമായിരുന്നു. ഇടയ്ക്കിടെ മസ്സാജ് പാർലറുകളും, വൈൻ ഷോപ്പുകളും ധാരാളം ഉണ്ട്.
അതിലൊരു വൈൻ ഷോപ്പിൽ വച്ചിരിക്കുന്ന കുപ്പികൾ കണ്ടപ്പോൾ ഒന്ന് ഞെട്ടി , നാടൻ മദ്യതോടൊപ്പം മൂർഖൻ പാമ്പും, തേളും ഇട്ടു വച്ചിരിക്കുന്നു. അവിടുത്തെ സ്വദേശികളുടെ ഇഷ്ട മദ്യമാണത്, ഇത്തരം മദ്യഷോപ്പുകളുടെ പ്രത്യേകത എന്തെന്നാൽ എല്ലാതരം മദ്യത്തിന്റെയും 5ml സാമ്പിൾ ലഭ്യമാണവിടെ, സാമ്പിൾ രുചിച്ചു നോക്കി ഇഷ്ട്ടമുള്ള മദ്യം വാങ്ങിക്കാം. എൻറെ കൗതുകത്തോടുള്ള നോട്ടം കണ്ടിട്ടാവും കടക്കാരൻ ഒരു ഗ്ലാസിൽ കുറച്ചു മദ്യം രുചിച്ചു നോക്കാൻ നൽകി, സ്നേഹപൂർവ്വം അത് നിരസിച്ച് വേഗം അവിടെ നിന്നും തടി തപ്പി.
മറ്റു ചില കടകളിൽ ഉണങ്ങിയ മാംസവും, മീനും വിലപനക്ക് വച്ചിരിക്കുന്നു. വൈകിട്ട് 11 മണിക്കാണ് എനിക്ക് തിരിച്ചുള്ള വിമാനം അതുകൊണ്ട് അധിക സമയം അവിടെ ചിലവഴിക്കാതെ കംബോഡിയ സന്ദർശിച്ച ഓർമ്മക്കായി ചില സാധനങ്ങൾ വാങ്ങിച്ചു. തിരിച്ച് ഹോട്ടലിൽ വന്ന് എല്ലാം പായ്ക്ക് ചെയ്ത് വേഗം ചെക്ക് ഔട്ട് ചെയ്ത് ഡ്രൈവറെയും കൂട്ടി ഞാൻ എയർപോർട്ടിലേക്ക് തിരിച്ചു. വിമാനത്തിൽ ഇരിക്കുമ്പോഴും എൻറെ മനസ് അങ്കൊർ വാട്ട് ക്ഷേത്രങ്ങളുടെ മസ്മരികതയിലുടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു.
![]() |
| Siem Reap Airport |
അങ്കൊർ ക്ഷേത്രങ്ങളെപ്പറ്റി ഞാൻ കണ്ട ഒരുപാടു കാര്യങ്ങൾ ഇനിയും എഴുതാനുണ്ട്, പക്ഷെ സമയപരിമിധി മൂലം ഒരു ചുരുക്ക രൂപമാണ് മുകളിൽ വിവരിച്ചത്. ഭാരത സംസ്കാരത്തെ സ്നേഹിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഈ ക്ഷേത്രങ്ങളുടെ നഗരം, അതുകാണുമ്പോൾ മനസിലാവും നമ്മുടെ സംസ്കാരത്തിന്റെ ആഴവും, വ്യാപ്തിയും എത്രത്തോളം ഉണ്ടായിരുന്നുവെന്ന്.
തായ്ലാൻഡ്, മലയ്ഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്നവർക്ക് അധിക ചെലവില്ലാതെ കംബോഡിയായും സന്ദർശിക്കാവുന്നതാണ്, വളരെ ചെലവ് കുറഞ്ഞ ഹോട്ടലുകളും, യാത്രാ സൗകര്യങ്ങളും അവിടെ ലഭ്യമാണ്...
By Binosh Mullackal















Comments
Post a Comment