City of Immortals (Bangkok)

അമരൻമാരുടെ നഗരം 

യാത്രാ  വിവരണംചിത്രങ്ങൾ : ബിനോഷ് മുല്ലക്കൽ 
വലിയ പെരുന്നാൾ അവധി എന്നാൽ പ്രവാസികളെ സംബന്ധിച്ച് ആഘോഷത്തിന്റെ ദിനങ്ങൾ ആണ്. ബാച്ചിലേർസും, ഫാമിലിയും ഒന്നുകിൽ ഒരു ബീച്ച് / പാർക്ക്‌ ബാർബികു പാർട്ടി, അല്ലെങ്കിൽ ഇതര എമിരറ്റിലെക്കൊ, ഒമാനിലേക്കോ ഒരു ട്രിപ്പ്‌. മറ്റു ചിലർ സ്വന്തം വീട്ടുകാരോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്കും പോകുന്നു.

കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ പ്രവാസ ജീവിതത്തിൽ മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം മാത്രമാണ് പെരുന്നാളിന്റെ അവധിക്കു നടക്കാറുള്ളത്. എന്തുകൊണ്ട് ഇത്തവണ അതിനൊരു മാറ്റം വന്നുകൂടാ എന്ന ചിന്ത മനസ്സിൽ തോന്നിയത്, എന്നാൽ പിന്നെ ഒരു വിദേശ യാത്രതന്നെ ആകട്ടെ എന്ന് തീരുമാനിച്ചു.
ഫോട്ടോഗ്രാഫിയിൽ കമ്പമുള്ളതിനാൽ പുതിയ പുതിയ ദൃശ്യങ്ങൾ പകർത്താനും സാധിക്കും.
പെരുന്നാൾ അവധിക്കു ഇനി അധിക ദിവസമില്ലാത്തതിനാൽ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ ലഭിക്കുന്ന രാജ്യങ്ങളെകുറിച്ചു അന്വേഷണമായി അങ്ങനെ ഒടുവിൽ തായിലാണ്ടും, കമ്പോടിയയും തിരഞ്ഞെടുത്തു. ഓൺലൈൻ വഴി ഹോട്ടലും, എയർ ടിക്കെറ്റും ബുക്ക്‌ ചെയ്തു ഒപ്പം ബാങ്കൊക് കറങ്ങി കാണാൻ ഒരു ഗൈഡ്നെയും ബുക്ക്‌ ചെയ്തു.

അങ്ങനെ പോകണ്ട ദിവസം വന്നു അത്യാവശം കുറച്ചു ഡ്രസ്സ്‌, യാത്രാ രേഖകളും, ക്യാമറ ബാഗും എടുത്ത് നേരെ അബുദാബി എയർപോർട്ടിലേക്ക് തിരിച്ചു. വൈകിട്ട് 9 മണിക്കുള്ള എത്തിഹാദ് എയർവയ്സിലാണ് ബാങ്കൊകിലേക്കുള്ള  യാത്ര. ബോർഡിംഗ് പാസ്‌ ലഭിച്ചതിനുശേഷം സമയം കളയാനായി നേരെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ പോയി കറങ്ങി. കുറച്ചു സമയത്തിന് ശേഷം ബോർഡിംഗ് അനൗൻസ്മെന്റ് കേട്ടു. വിമാനത്തിൽ അത്യാവശം നല്ല തിരക്ക് ഉണ്ടായിരുന്നു കൂടുതലും യുറോപ്പിൽ നിന്നുള്ളവർ ആണെന്ന് തോന്നുന്നു. ഏകദേശം 7 മണിക്കൂർ യാത്രയുണ്ട് ബാങ്കോക്കിലേക്ക്. ചുറ്റും അപരിചിതരായ ആളുകൾ. എപ്പോഴും യാത്രയിൽ കരുതാറുള്ള പുസ്തകവും വായിച്ച് എന്റെ സ്വകാര്യതയിലേക്ക് നീങ്ങി. കുറച്ചു സമയത്തിന് ശേഷം കാബിൻ ക്രു ഭക്ഷണം കൊണ്ടുവന്നു അതും കഴിച്ചിട്ട് വീണ്ടും പുസ്തക വായന തുടർന്നു, ഇടയ്ക്കു എപ്പോഴോ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണു. ലാൻഡിങ്ങിനുള്ള അനൗൻസ്മെന്റ് കേട്ടാണ് ഞാൻ ഉണർന്നത്, പെട്ടെന്ന് ടോയലെറ്റിൽ പോയി ഫ്രഷ്‌ ആയി. നേരം വെളുത്തതിനാൽ താഴേക്ക്‌ നോക്കിയാൽ ബാങ്കോക്കിന്റെ പ്രാന്തപ്രദേശങ്ങൾ കാണാമായിരുന്നു. ലോക്കൽ സമയം രാവിലെ 6.45 നു വിമാനം സുവർണഭൂമി ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ്‌ ചെയ്തു. 
തായ്‌ലാൻഡ് ഒരു ബുദ്ധമത രാജ്യമാണെങ്കിലും ഹിന്ദുമത വിശ്വാസങ്ങളുടെ സാന്നിധ്യം അറിയിക്കും വിധം ധാരാളം സ്തൂപങ്ങൾ എങ്ങും കാണാൻ സാധിക്കും, പ്രത്യേകിച്ചും സുവർണഭൂമി ഇന്റർനാഷണൽ എയർപോർട്ടിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള "പാലാഴി മഥനം" സന്ദർശകരെ വളരെ അധികം ആകർഷിക്കുന്നതാണ്.
എമിഗ്രേഷൻ കൗണ്ടറിൽ ഓൺ അറൈവൽ വിസ ഫോം പൂരിപ്പിച്ച്  അവിശ്യമുള്ള യാത്ര രേഖകളും, ഫോട്ടോയും, വിസ ഫീ 1000 തായ്‌ ബഹത് എന്നിവ നൽകി. സന്ദർശകർ ധാരാളം ഉള്ളതിനാൽ  അല്പ സമയം താമസിച്ചാണ് വിസ ലെഭിച്ചത്. അതിനുശേഷം പാസ്പോർട്ടിൽ എൻട്രി സ്റ്റാമ്പും ചെയ്ത് ഞാൻ എയർ പോർട്ടിനു വെളിയിൽ വന്നു. അവിടെ നിന്നും ഒരു ടാക്സി പിടിച്ച് ഞാൻ മുൻപ് ബുക്ക്‌ ചെയ്തിരുന്ന Lebua State Tower ഹോട്ടലിലേക്ക് യാത്ര തിരിച്ചു (English Movie "Hangover Part II കണ്ടവർക്ക്  Lebua State Tower  ഹോട്ടൽ സുപരിചിതമാണ് ). വളരെ ചിലവേറിയത്‌ ആണെങ്കിലും ഈ ഹോട്ടൽ ബുക്ക്‌ ചെയ്യാനുള്ള കാരണം ഹോട്ടലിന്റെ 64 മത്തെ നിലയിലെ  റൂഫ് ടോപ്പിൽ ഉള്ള  "Sky Bar " വളരെ പ്രസിദ്ധമാണ്. സിറ്റി ലാൻഡ്‌സ്കേപ് ഫോട്ടോഗ്രാഫിക്ക് വളരെ നല്ല ഒരു സ്ഥലം ആണ് ഇത്. കൂടാതെ Sky Bar ന്റെ Dome കാണാനും വളരെ ഭംഗിയാണ്. 

ഹോട്ടലിന്റെ ലോബിയിൽ എന്നെ കാത്ത് ഞാൻ ഓൺലൈൻ വഴി ഏർപ്പാട് ചെയ്ത ഗൈഡ് കാത്തുനില്പുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ചെക്ക്‌ ഇൻ ചെയ്ത് ഒന്ന് ഫ്രഷ്‌ ആയി താഴെ എത്തി. രണ്ടു പകലാണ്‌ ബാങ്കോക്ക് കാണാനായി മാറ്റിവച്ചിരിക്കുന്നത്. അതിൽ ആദ്യ ദിവസം സിറ്റി ടൂർ ആണ് പ്ലാൻ ചെയ്തത്. ബാങ്കോക്ക് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ബുദ്ധ ക്ഷേത്രങ്ങൾ വളരെ പ്രസിദ്ധമാണ്. തേർവാട ബുദ്ധമത വിശ്വാസ പ്രകാരമുള്ള നിർമാണ രീതികളാണ് ഒട്ടുമിക്ക ക്ഷേത്രങ്ങൾക്കും.
 ആദ്യം ഞങ്ങൾ പോയത് Golden Buddha Temple (Wat Traimit) ലേക്ക് ആണ്, ടാക്സിയിൽ യാത്ര ചെയ്യവേ ബാങ്കൊക് നഗരത്തിൻറെ തിരക്ക് വ്യക്തമായിരുന്നു, രാവിലെ ജോലിക്ക് പോകാനുള്ള ആളുകളുടെ തിരക്ക് ആണ് എങ്ങും. ഏതാണ്ട് 15 മിനിട്ട് കൊണ്ട് ഞങ്ങൾ ക്ഷേത്രത്തിൽ എത്തി. വളരെ വൃത്തിയുള്ളതും മനസിന്‌ ഉന്മേഷം നൽകുന്നതുമായ ഒരു പ്രത്യേക അന്തരീക്ഷം എനിക്ക് അവിടെ അനുഭവപ്പെട്ടു. ധാരാളം ബുദ്ധ സന്യാസിമാർ അവിടെ ഉണ്ടായിരുന്നു ഒപ്പം മറ്റു സന്ദർശകരുടെ തിരക്കും. ഗൈഡ് എന്നെയും കൂട്ടി ക്ഷേത്രത്തിന് ഉള്ളിലേക്ക് പോയി, ഭാരതത്തിലെ പ്രാചീന ക്ഷേത്ര നിർമാണ രീതിയിലും വിഭിന്നമായ ഒരു പ്രത്യേക രീതിയിലാണ്‌ ഇവിടുത്തെ ക്ഷേത്രങ്ങളുടെ നിർമ്മാണം. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചാൽ നമ്മുക്ക് കാണാൻ കഴിയുന്നത്‌ ഏകദേശം 10 അടിയോളം ഉയരമുള്ള സ്വർണത്തിൽ നിർമിച്ചിട്ടുള്ള ഒരു ബുദ്ധ പ്രതിമയാണ്. ഗൈഡ് പറഞ്ഞപ്രകാരം 5 ടൺ സ്വർണം കൊണ്ടാണ് ഈ പ്രതിമ നിർമിച്ചിരിക്കുന്നത്. 
ജീവിതത്തിൽ ആദ്യമായിട്ടാണ്‌ ഞാൻ ഒരു ബുദ്ധ ക്ഷേത്രം സന്ദർശിക്കുന്നത്.
ബുദ്ധ ക്ഷേത്രാചാരങ്ങളെ പറ്റി ഒരു അറിവും എനിക്കില്ലെങ്കിലും, അവരുടെ ക്ഷേത്രാചാരങ്ങളിൽ പലതിനും ഹിന്ദു ക്ഷേത്രാചാരങ്ങളുമായി ഒരു സാമ്യം എനിക്ക് തോന്നി. ക്ഷേത്ര പരിസരത്ത് ധാരാളം ബുദ്ധ സന്യാസിമാർ  പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്നുണ്ട്‌.

പിന്നിട് ഞങ്ങൾ പോയത് Wat Arun കാണാനാണ്. Chao Phraya നദി കടന്നു വേണം അവിടേക്ക് പോകാൻ, ചെറിയ ഒരു മാർക്കറ്റ്‌നുള്ളിൽ കൂടി വേണം ബോട്ട് ജെട്ടിയിൽ പോകാൻ, വഴിയരുകിൽ നിറയെ മാംസാഹാരങ്ങൾ വറത്തു വില്ക്കാനായി വച്ചിട്ടുണ്ട്. കോഴിയുടെ കാലിലെ വിരലുകൾ പോലും അവിടെ വറത്തു വച്ചിട്ടുണ്ട്. 
5 മിനിട്ടിന്റെ കാത്തിരിപ്പിനൊടുവിൽ നിറയെ യാത്രക്കാരുമായി ഒരു ബോട്ട് വന്നു. Chao Phraya നദിയെന്നു കേൾക്കുമ്പോൾ വളരെ നിസാരമായി കാണരുത് ഈ നദിയിലൂടെയാണ് ബാങ്കൊക്കിലെ പ്രധാന ചരക്കു ഗതാഗതം കൈകാര്യം ചെയ്യുന്നത്. 
വലിയ ബാർജുകളും, ചരക്ക് ബോട്ടുകളും സുഗമമായി സഞ്ചരിക്കുന്ന വളരെ വീതിയുള്ള നദി . രണ്ടു ദിവസത്തെ ബാങ്കൊക് സന്ദർശനത്തിൽ രണ്ടു മൂന്നു പ്രാവശ്യം ഈ നദിയിലൂടെ ബോട്ടിൽ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. കുത്തിയൊഴുകുന്ന നദിയിലൂടെ വളരെ പഴക്കം ചെന്ന ബോട്ട് ഒഴുക്കിനു കുറുകെ മറുകരയിലേക്കു നീങ്ങുമ്പോൾ നീന്തൽ അറിയാവുന്നവരുടെ മനസിൽപോലും പേടി തോന്നും.
WAT ARUN ൻറെ തൊട്ടടുത്തുള്ള ബോട്ട് ജെട്ടിയിൽ ഞങ്ങൾ ഇറങ്ങി, വളരെ ഉയർന്ന ഗോപുരമുള്ള ഒരു ക്ഷേത്രമാണ് ഇത്. ഒരു പ്രത്യേകത എന്താന്നുവച്ചാൽ ഈ ഗോപുരത്തിന്റെ ഏകദേശം പകുതി ഉയരം നമ്മുക്ക് പടികളിൽ കൂടി കയറാൻ പറ്റും, പടികൾ തീർത്തും കുത്തനെയാണ് നിർമ്മിച്ചിട്ടുള്ളത്, സൂക്ഷിച്ചു കയറിയില്ലെങ്കിൽ വീഴാൻ സാധ്യതയുണ്ട്. 
വളരെ കഷ്ട്ടപെട്ട് ഞാനും പടികയറി മുകളിൽ എത്തി. അവിടെ നിന്നാൽ ബാങ്കോക്ക് സിറ്റിയുടെ ഏറിയഭാഗങ്ങളും നമ്മുക്ക് കാണാൻ സാധിക്കും. കൂടാതെ ഞാൻ താമസിക്കുന്ന ഹോട്ടെലും എനിക്കവിടെ നിന്നും കാണാൻ സാധിച്ചു. പിന്നിട് WAT ARUN ൻറെ തൊട്ടടുത്തുള്ള മറ്റു ചെറിയ ക്ഷേത്രങ്ങളും സന്ദർശിച്ചിട്ടു ഞങ്ങൾ വീണ്ടും ബോട്ട് കയറി മറുകരയിലേക്ക് തിരിച്ചു. അപ്പോൾ ഏതാണ്ട് ഉച്ചഭക്ഷണത്തിന്റെ സമയമായിരുന്നു, ഒരു പാട് നടന്നതിനാലാവും ഞങ്ങൾക്ക് നല്ല വിശപ്പുണ്ടായിരുന്നു. അങ്ങോട്ട്‌ പോയപ്പോൾ കണ്ട മാംസാഹാരം വില്ക്കുന്ന തെരുവിന്റെ അരികിൽ ഉള്ള ഒരു ചെറിയ റെസ്റ്റോറന്റിൽ ഞങ്ങൾ കയറി ആ റെസ്റ്റോറന്റിൽ ആളുകൾ ഇരിക്കുന്ന കുറച്ചു ഭാഗം നദിയുടെ മുകളിൽ തട്ട് പോലെയാണ് നിർമ്മിച്ചിരിക്കുന്നത്. 
അവിടെ ഇരിന്നു കഴിക്കുകയും ഒപ്പം നദിയുടെ സൗന്ദര്യം ആസ്വദിക്കുകയും, കൂടാതെ നല്ല കാറ്റും കിട്ടും. ഗൈഡ് ആ നാട്ടുകാരാൻ ആയതിനാൽ അവരുടെ ഏതോ പ്രാദേശിക ഭക്ഷണം ആണ് ഓർഡർ ചെയ്തത്. ഇന്ത്യൻ ഫുഡ്‌ അവിടെ ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ ഞാൻ ഒരു ചിക്കൻ ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു, പത്തു മിനിറ്റു കൊണ്ട് ഞങ്ങൾ ഓർഡർ ചെയ്ത ഭക്ഷണങ്ങൾ എത്തി.
ആളുകൾ കഴിക്കാൻ ഇരിക്കുന്നതിനു അടുത്ത് തന്നെയാണ് അവർ ഭക്ഷണം പാകം ചെയ്യുന്നത്.
ആദ്യത്തെ സ്പൂൺ റൈസ് കഴിച്ചപ്പോൾ തന്നെ എന്തോ ഒരു രുചി വ്യത്യാസം എനിക്ക് തോന്നി, ചിലപ്പോൾ അവർ ഉപയോഗിക്കുന്ന എണ്ണയുടെതാവാം എന്ന് കരുതി. പക്ഷെ അവർ  ഭക്ഷണം പാകം ചെയ്യുന്നത് ശ്രദ്ധിച്ചു അവിടെ എല്ലാ ആഹാരങ്ങളും പാകം ചെയ്യുന്നത് ഒരു പാത്രത്തിൽ ആണ്. കൂടാതെ മുൻപ് ഞാൻ പറഞ്ഞപോലെ കോഴിയുടെ വിരലുകൾ പോലും വറക്കുന്നത് ആ പാത്രത്തിൽ ആണ്. അത് കണ്ടപ്പോൾ മുൻപിലിരിക്കുന്ന ഫ്രൈഡ് റൈസ് കഴിക്കാൻ തോന്നിയില്ല. എനിക്ക് നല്ല വിശപ്പ്‌ ഇല്ലായെന്ന് ഗൈഡിനോട് കള്ളം പറഞ്ഞ് ഞാൻ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്കു നടന്നു. പുറത്തു റോഡ്‌ അരികിൽ  ഒരു സ്ത്രീ പഴം വില്ക്കുന്നുണ്ട്  അവരോടു ഒരു കിലോ പഴം വാങ്ങി രണ്ടെണം കഴിച്ചിട്ട് ബാക്കി ബാഗിൽ വച്ചു.

പിന്നിട് ഞങ്ങൾ WAT Pho, WAT Phrakaew (Emrald Buddha Temple), Golden Mount, Grand Palace എന്നിവ കാണാനായി തിരിച്ചു. 
WAT Pho യിൽ ആണ് അനന്തശയനം പോലെ ഭീമാകാരമായ ബുദ്ധ പ്രതിമ ഉള്ളത്. 
കൂടാതെ എവിടെ തിരിഞ്ഞു നോക്കിയാലും ചെറുതും വലുതുമായി ധാരാളം ബുദ്ധ പ്രതിമകൾ കാണാം.
WAT PHO  യോട് ചേർന്നു തന്നെയാണ് GRAND PALACE സ്ഥിതി ചെയ്യുന്നത്, ഒരു കാലത്ത് അവിടുത്തെ രാജാവിൻറെ ഔദ്യോദിക വസതി ആയിരുന്നു ഇത് പിന്നീട് ഇവിടെ Government ൻറെയും, രാജകുടുംബങ്ങളുടെയും ചില ചടങ്ങുകൾ മാത്രമാണ് നടക്കുന്നത്. 
ഇവിടുത്തെ മറ്റൊരു പ്രത്യേകത ക്ഷേത്രങ്ങൾക്കും, കൊട്ടാരങ്ങൾക്കും ഏകദേശം ഒരേ നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. എല്ലാ ക്ഷേത്രങ്ങളും ഒരേ പോലെ ഇരിക്കുന്നത് കൊണ്ട് സന്ദർശിച്ച ക്ഷേത്രങ്ങൾ പിന്നീട് ഏതാണെന്നു ഓർത്തെടുക്കുക വളരെ ബുദ്ധിമുട്ടാണ്. 
വൈകിട്ട് 7 മാണിയോട് ഞങ്ങൾ അന്നത്തെ സന്ദർശനം മതിയാക്കി ഹോട്ടലിലേക്ക് തിരിച്ചു.
ബാങ്കോക്കിലേക്കു തിരിക്കുന്നതിന് മുൻപ് സന്ദർശിക്കേണ്ട സ്ഥലങ്ങളെ  കുറിച്ച് ഓൺലൈനിൽ പരതിയപ്പോൾ കിട്ടിയ സ്ഥലങ്ങളിൽ ഒന്നാണ് SKYWALK BRIDGE, തിരിച്ചു പോകുന്നവഴി ഞാൻ ഗൈഡിനോട് ആ സ്ഥലത്തെപ്പറ്റി ചോദിച്ചു. ഞാൻ താമസിക്കുന്ന ഹോട്ടലിന്റെ വളരെ അടുത്താണ് ആ ബ്രിഡ്‌ജ്‌ സ്ഥിതി ചെയ്യുന്നത്. എന്നാൽ അതുംകൂടി കണ്ടിട്ട് മടങ്ങാം എന്നു ഞാൻ
അങ്ങനെ ഞങ്ങൾ  SKYWALK BRIDGE  കാണാനായി തിരിച്ചു. പ്രതീക്ഷിച്ച പോലെ ഇല്ലെങ്കിലും ഒരു വ്യത്യസ്ഥ രീതിയിലാണ് ബ്രിഡ്‌ജ്‌ നിർമ്മിച്ചിരിക്കുന്നത്. തിരിച്ചു 9 മാണിയോട് കൂടി എന്നെ ഹോട്ടലിൽ കൊണ്ടാക്കി നാളെ വരാം എന്നു പറഞ്ഞ് ഗൈഡ് തിരിച്ചു പോയി. റൂമിൽ വന്നു കുളികഴിഞ്ഞപ്പോൾ നല്ല വിശപ്പ് തോന്നി ഹോട്ടലിൽ നിന്നും ഓർഡർ ചെയ്യാം എന്നു വിചാരിച്ചാൽ ആധാരം പണയം വയ്‌ക്കേണ്ടി വരും, പുറത്തു പോയി കഴിക്കാമെന്നുവച്ചാൽ ഉച്ചക്ക് കഴിച്ച സംഭവം ഓർത്തപ്പോൾ വേണ്ടാന്നു വച്ചു. പിന്നെ ഉച്ചക്ക് വാങ്ങിയ പഴത്തിൽ രണ്ടെണ്ണം കഴിച്ച് കുറച്ചു വെള്ളവും കുടിച്ചു കിടന്നു.

അടുത്ത ദിവസം പോകേണ്ടത് ബാങ്കോക് സിറ്റിയിൽ നിന്നും 40 കി. മി. ദൂരെയുള്ള സമുദ് പ്രകാനിൽ സ്ഥിതി ചെയ്യുന്ന ANCIENT CITY ലേക്ക് ആണ്. രാവിലെ 7 മണിക്ക് റെഡിയായി താമസിക്കുന്ന ഹോട്ടലിലെ റസ്റ്റോറന്റിൽ പോയി കോംപ്ലിമെൻറ് ബ്രേക് ഫാസ്റ്റും കഴിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി വെളിയിൽ എന്നേയും കാത്തു ഗൈഡ് നിൽപ്പുണ്ടായിരുന്നു, ഇന്ന് പോകേണ്ടത് ദൂരെയുള്ള സ്ഥലമായതിനാൽ ഗൈഡ് റെന്റിനു ഒരു കാർ ഏർപ്പാടാക്കിയിരുന്നു. ബാങ്കോക്കിന്റെ പ്രാന്തപ്രദേശങ്ങൾ കണ്ടുകൊണ്ടുള്ള ഒരു സുഖകരമായ യാത്ര, ഒപ്പം ചെറിയ ചാറ്റൽ മഴയും ഉണ്ടായിരുന്നു.ഏതാണ്ട് ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങൾN ANCIENT CITY യിൽ എത്തി. 
തായ്‌ലൻഡ് രാജ്യത്തിന്റെ രൂപാകൃതിയിൽ ഏതാണ്ട് 200  ഏക്കർ സ്ഥലത്ത് ഒരുക്കിയെടുത്തിട്ടുള്ള ഒരു പാർക്കാണ് ANCIENT CITY. തായ്‌ലൻഡിൽ ഉള്ള എല്ലാ പൗരാണിക ക്ഷേത്രങ്ങളുടെയും മാതൃക ഏകദേശം അതേ വലിപ്പത്തിൽ ഇവിടെ നിർമിച്ചിട്ടുണ്ട്. 

പാർക്ക് ചുറ്റികറങ്ങികാണാൻ ഉള്ളിൽ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതുവേണ്ട എങ്കിൽ നമ്മൾ വന്ന വാഹനം ഒരു നിശ്ചിത തുക അടച്ചാൽ ഉള്ളിൽ കടത്തി വിടും. ഞങ്ങൾ വന്ന വാഹനത്തിൽ തന്നെ പോകാൻ തീരുമാനിച്ചു. 
ഇന്ന് ഒരു പകൽ മാത്രമാണ് എനിക്ക് ബാങ്കോക്കിൽ ലഭിക്കുന്നത്, അടുത്ത ദിവസം രാവിലെ കംബോഡിയായിലേക്കു തിരിക്കേണ്ടതുണ്ട്. അതുകൊണ്ട് കാണാൻ ബാക്കിയുള്ള സ്ഥലങ്ങൾ  മുഴുവൻ ഇന്നു തന്നെ കണ്ടു തീർക്കണം. ANCIENT CITY യിലെ കാഴ്‌ചകൾ കണ്ട് ഇറങ്ങിയപ്പോഴേക്കും സമയം ഏകദേശം വൈകിട്ട് 4 മണിയായി, ഇതിനിടയിൽ ഗൈഡ് ഉച്ചഭക്ഷണത്തിനു വിളിച്ചെങ്കിലും ഞാൻ പോയില്ല, പകരം ബാഗിൽ ബാക്കിയിരുന്ന രണ്ട് പഴം കഴിച്ചു വിശപ്പടക്കി. 

ANCIENT CITY യിൽ നിന്നും തിരിച്ചു വരുന്ന വഴി ഞങ്ങൾ ബാങ്കോക്കിലെ പ്രസിദ്ധമായ Erawan മ്യൂസിയം കാണാൻ കയറി. മ്യൂസിയത്തിന്റെ കെട്ടിടം വളരെ കൗതുകം ഉളവാക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഒരു ഉടലും മൂന്നു തലകളുമുള്ള ഭീമാകാരമായ ഒരു ആനയുടെ രൂപത്തിലാണത്. 
മ്യൂസിയത്തിന്റെ ഉള്ളിൽ പുരാതന ബുദ്ധ പ്രതിമകളുടെ ഒരു ശേഖരം തന്നെയുണ്ട്. മ്യൂസിയത്തിന്റെ ഉൾവശം ആധുനിക, പൗരാണിക നിർമാണ രീതിയുടെ ഒരു സമന്വയമാണ്. കൗതുകമുണർത്തുന്ന കൊത്തുപണികൾകൊണ്ടും, ചിത്രപ്പണികൾകൊണ്ടും ഉൾവശം ഭംഗിയായി നിർമിച്ചിരിക്കുന്നു.
അവിടെ അധിക സമയം ചെലവഴിക്കാത് ഞങ്ങൾ ബാങ്കോക് സിറ്റിയിലേക്ക് തിരിച്ചു, തലേദിവസം സമയക്കുറവു മൂലം സന്ദർശിക്കാൻ പറ്റാതിരുന്ന പ്രസിദ്ധമായ മറ്റൊരു ബുദ്ധ ക്ഷേത്രമായ  Marble Temple (Wat Benchamabophit) കൂടി സന്ദർശിക്കാൻ ഉണ്ട്, ഞങ്ങൾ ചെന്നപ്പോഴേക്കും സന്ദർശന സമയം തീരാറായിരുന്നു. അതുകൊണ്ടു അധിക തിരക്കും ഉണ്ടായിരുന്നില്ല.
ഫോട്ടോഗ്രാഫിക്ക് വളരെയധികം സാധ്യത ഉള്ള ഒരു ക്ഷേത്രമാണിത്, സമയക്കുറവുമൂലം അധികം ഫോട്ടോസ് എടുക്കാൻ സാധിച്ചില്ലായെങ്കിലും വ്യത്യസ്ത ആംഗിളിൽ ഒന്നു രണ്ടു ഫോട്ടോസ് എടുത്തു. തിരിച്ച് ആറുമണിയോട് കൂടി ഞങ്ങൾ ഞാൻ താമസിക്കുന്ന ഹോട്ടലിലെത്തി. രണ്ടു ദിവസത്തെ ടൂർ ഫീയും, കാറിന്റെ വാടകയും വാങ്ങി ഗൈഡ് (Mr. Sam) എന്നോട് യാത്ര പറഞ്ഞു ഇറങ്ങി. 

തുടർച്ചയായുള്ള യാത്ര കാരണം ഞാൻ നന്നായി ക്ഷീണിച്ചിരുന്നു കൂടാതെ നല്ല വിശപ്പും, റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി ഞാൻ പുറത്തേക്കിറങ്ങി. എവിടെയെങ്കിലും വല്ല Indian Restaurant, KFC, McDonald, Pizza hut ഉണ്ടോ എന്നു നോക്കുകയാണ് ലക്ഷ്യം കാരണം തലേദിവസത്തെ അനുഭവം വച്ചു സാധാരണ ഒരു റെസ്റ്റോറന്റിൽ കയറാൻ തോന്നിയില്ല. 

സ്ട്രീറ്റിൽ പലയിടത്തും ഞാൻ ഒരു വിദേശിയാണെന്ന് അറിഞ്ഞ് മസാജ് പാർലർ ബ്രോക്കറുമാരും, അതിലും കൂടിയ ചില ബ്രോക്കറുമാരും അവരുടെ സുന്ദരികളായ പെൺകുട്ടികളുടെ ആൽബവുമായി ചുറ്റും കൂടി, ഒരടി മുൻപോട്ടു നടക്കാൻ പറ്റാത്ത വിധം തടഞ്ഞു നിർത്തി അവരുടെ പക്കലുള്ള പെൺകുട്ടികളെ പറ്റി പറഞ്ഞുകൊണ്ടേയിരുന്നു. വിശപ്പിൻറെ ഉൾവിളി കാരണം സ്നേഹപൂർവം അവരെ ഒഴിവാക്കി ഞാൻ മുൻപോട്ടു നടന്നു. പോകുന്ന വഴിയിൽ പ്രശസ്‌ത സാൻഡ്‌വിച്ച് റെസ്റ്റോറന്റ് "SUBWAY" കണ്ടു. ആക്രാന്തത്തോടുകൂടി അകത്തു കയറി രണ്ടു സാൻഡ്‌വിച്ച് ഓർഡർ ചെയ്‌തു, രണ്ടു സാൻഡ്‌വിച്ച് എന്നു കേട്ടപ്പോൾ ഓർഡർ എടുക്കാൻ വന്ന പെൺകുട്ടിയും അടുത്തിരുന്ന വിദേശികളും എന്നെ ഒന്നു സൂക്ഷിച്ചു നോക്കി, കാരണം SUBWAY യുടെ ഒരു സാൻഡ്‌വിച്ച് എന്നു പറഞ്ഞാൽ രണ്ടുപേർക്ക് സുഖമായി കഴിക്കാം അപ്പോഴാണ് ഞാൻ രണ്ടെണ്ണം ഓർഡർ ചെയ്യുന്നത്. എന്തായാലും സാൻഡ്‌വിച്ച് കിട്ടിയപാടെ ഗൃഹണി പിടിച്ച പിള്ളേരെപ്പോലെ പെട്ടെന്ന് കഴിച്ചു തീർത്തു. അവിടെ നിന്നും ഇറങ്ങി കുറച്ചു സമയംകൂടി കാഴ്ചകൾ കണ്ടു സ്ട്രീറ്റിൽ കൂടി നടന്നു. 

ബാങ്കോക് എന്നു കേൾക്കുമ്പോൾ ഏതൊരു വ്യക്തിയുടെയും മനസിൽ തെളിയുന്നത് അവിടുത്തെ സെക്‌സ് ടൂറിസം ആണ്. പക്ഷെ എത്രപേർക്ക് അറിയാം വേശ്യാവൃത്തി ഇവിടെ നിയമവിരുദ്ധമാണെന്ന്. പക്ഷെ ടൂറിസത്തിന്റെ വളർച്ചക്ക് വേണ്ടി അധികൃതർ കണ്ണടക്കുന്നതുകൊണ്ടാണ് ഇത് ഇവിടെ തഴച്ചു വളരുന്നത്. ഒരു തവണ ബാങ്കോക് സന്ദർശിച്ചവർക്ക് മനസിലാവും എത്ര പൗരാണികമായി സമ്പന്നമാണ് ഈ നഗരം എന്ന്. പക്ഷെ സെക്‌സ് ടൂറിസത്തിന്റെ പേരിൽ  ഈ നഗരത്തിന് വിദേശികൾ ചാർത്തികൊടുത്ത ഒരു അപരനാമം ഉണ്ട് "ഏഷ്യയുടെ പാപനഗരം" (Sin City of Asia). 
പിന്നീട് തിരിച്ചു ഹോട്ടലിൽ എത്തി 64 ാം നിലയുടെ റൂഫ് ടോപിൽ സ്ഥിതി ചെയ്യുന്ന സമ്പന്നരുടെ പറുദീസയായ  SKYBAR കാണാൻ പോയി. ബാങ്കോക് സിറ്റിയുടെ രാത്രികാല സൗന്ദര്യം ആസ്വദിച്ചു ഡ്രിങ്ക്സ് കഴിക്കാനാണ് പലരും ഇവിടെ വരുന്നത്. ഞാൻ അതേ ഹോട്ടലിൽ താമസിക്കുന്നതിനാൽ പ്രവേശന ഫീസ് കൊടുക്കണ്ടായിരുന്നു.
 ബാങ്കോക് സിറ്റിയുടെ ഏറക്കുറെ നല്ലൊരു ഭാഗവും അവിടെയിരുന്നാൽ കാണാൻ സാധിക്കും. നല്ലതിരക്ക് ഉണ്ടായിരുന്നു അവിടെ ഒപ്പം നല്ല തണുത്ത കാറ്റും, അധിക സമയം അവിടെ ചിലവഴിക്കാതെ കുറച്ചു ഫോട്ടോസും എടുത്തു ഞാൻ തിരിച്ചു റൂമിലെത്തി സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു വച്ച് ഉറങ്ങാൻ കിടന്നു ,അടുത്ത ദിവസം രാവിലെ കംബോഡിയായിലേക്കു പോകേണ്ടതുകൊണ്ടു നല്ല ഒരു ഉറക്കം ആവിശ്യം ആയിരുന്നു.
അടുത്ത ദിവസം രാവിലെ അമരൻമാരുടെ നാടിനോട് വിടപറഞ്ഞ് ക്ഷേത്രങ്ങളുടെ നഗരമായ കംബോഡിയായിലെ അങ്കോർ വാട്ടിലേക്കു യാത്രതിരിച്ചു.

By Binosh Mullackal

Comments